5Gയിലേക്ക് ഇന്ത്യ കുതിച്ചുപായുമ്പോൾ പിന്നിൽ പതറി വീഴുന്ന 4Gയെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 5Gയെ പിന്തുണയ്ക്കുന്ന ഫോണാണെങ്കിൽ 4G സിം മാറ്റാതെ തന്നെ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ചെയ്യാനാകും. എന്നാൽ, ഫോൺ വിപണിയിൽ കാര്യങ്ങൾ അങ്ങനെയെല്ല. മൊബൈൽ കമ്പനികൾ 5G ഫോണുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിപണിയിൽ മറ്റൊരു അസ്ഥിരത കൊണ്ടുവരുന്നു.
വിപണിയും നിർമാണ മേഖലയുമെല്ലാം 5G ഫോണുകളിലേക്കാണ് താൽപ്പര്യം അധികം പ്രകടിപ്പിക്കുന്നത്. വാങ്ങുന്നവരും 5G ഫോൺ മതിയെന്ന് തീരുമാനിക്കുന്നതോടെ 4G ഹാൻഡ്‌സെറ്റുകളുടെ ക്ലിയറൻസ് സെയിൽ പോലും ദുഷ്കരമാണെന്ന വാർത്തകളാണ് വരുന്നത്.
ഓൺലൈനിലും ഓഫ്ലൈൻ ഷോറുമുകളിലുമെല്ലാം 5Gയോടാണ് വാങ്ങുന്നവർക്ക് പ്രിയം. ഓഫ്‌ലൈൻ റീട്ടെയിലർമാർ പറയുന്നത് 4G സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ 80 ശതമാനത്തിൽ നിന്ന് 45%ത്തിലേക്ക് താഴ്ന്നു. പോരാത്തതിന് സ്മാർട് ഫോൺ ബ്രാൻഡുകൾ 4G മോഡലുകൾ പുറത്തിറക്കുന്നതും വെട്ടിക്കുറച്ചു. മുമ്പ് 10,000 രൂപയ്ക്ക് മുകളിൽ ആകർഷകമായ നിരവധി ഫോണുകൾ വിപണിയിൽ എത്തിച്ചെങ്കിലും അൽപം വില കൂടിയ 4G Smartphoneകൾ ഇന്ന് കമ്പനികൾ തീരെ കൊണ്ടുവരുന്നില്ല. ഉപയോക്താക്കളുടെ ആവശ്യവും 5G സ്മാർട്ട്‌ഫോണുകളാണെന്നാണ് പറയുന്നത്.
രാജ്യമൊട്ടാകെ ഈ 4G പ്രശ്നം അഭിമുഖീകരിക്കുന്നുവെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് 5G സ്മാർട്ട്‌ഫോണുകളുടെ വിപണി വിഹിതം ഏകദേശം 50ത്തിൽ തൊട്ടു. മറുഭാഗത്ത് 4G ഫോണുകളുടെ ക്ലിയർ സെയിൽ നടത്താൻ പോലും റീട്ടെയിൽ ഷോപ്പുകൾ കഷ്ടപ്പെടുന്നു. 4G സ്മാർട്ഫോണുകൾ കഴിഞ്ഞ 9 ആഴ്ചയിലധികമായി വിപണിയിൽ നിന്ന് ഉപയോക്താക്കളിലേക്ക് എത്താതെ കുടുങ്ങിക്കിടക്കുകയാണ്.
ദിവസേനയുള്ള ഗ്രാഫ് പരിശോധിച്ചാൽ 5G ഫോണുകളുടെ ആവശ്യകത മുകളിലോട്ടാണ്. ഇതിന്റെ പ്രധാന കാരണം 5G ഫോണുകളുടെ ശരാശരി വിൽപ്പന വില കുറഞ്ഞത് തന്നെയാണ്. 15,000 രൂപയിൽ താഴെ വരെ മികച്ച ഫീച്ചറുകളുള്ള 5G സ്മാർട്ട്‌ഫോണുകൾ ഫോൺ കമ്പനികൾ പുറത്തിറക്കാൻ തുടങ്ങി.
ഓഗസ്റ്റ് മുതൽ ആരംഭിക്കുന്ന ഫോൺ സെയിൽ ഓഫറുകൾക്ക് മുന്നോടിയായി 4G ഫോണുകളെ വിറ്റഴിക്കാനാണ് വിൽപ്പനക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഒരുപക്ഷേ സ്മാർട്ഫോൺ നിർമാതാക്കൾക്ക് ഫോണുകളുടെ വില വെട്ടിക്കുറക്കുക എന്ന അറ്റകൈ പ്രയോഗം നടത്തേണ്ടി വരും. 5G നിർബന്ധമല്ല എന്നുള്ളവർക്ക്, വളരെ മികച്ച ഡീലിൽ 4G ഫോണുകൾ വാങ്ങാൻ ഇതിലൂടെ സുവർണാവസരം ഒരുങ്ങുന്നു.