ഇവയോട് കുറച്ച് അകലം പാലിക്കാം; 2023 ഇങ്ങനെ തുടങ്ങാം

Updated on 09-Jan-2023
HIGHLIGHTS

നമ്മുടെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത് വെർച്വൽ ലോകത്താണ്.

എന്നാൽ ശാരീരിക- മാനസിക ആരോഗ്യത്തിന് ടെക്നോളജിയിലുള്ള അടിമത്വം അവസാനിപ്പിക്കണം.

ഇതിന് ചെയ്യാവുന്ന ചില പ്രതിവിധികൾ ചുവടെ നൽകുന്നു.

നമ്മുടെ ദൈനംദിനത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോകുന്നത് മൊബൈലോ ലാപ്ടാപ്പോ ടെലിവിഷനോ ടാബ്ലെറ്റോ പോലുള്ള ഉപകരണങ്ങളല്ലേ? ടെക്നോളജി അതിവേഗമായി വളർന്നപ്പോൾ, മനുഷ്യനും അതിനേക്കാൾ വേഗതയിൽ ഇത്തരം ഉപകരണങ്ങളിലേക്ക് കീഴടങ്ങി. എന്നാൽ മൊബൈലും ലാപ്ടോപ്പുമെല്ലാം ഒരുപക്ഷേ നമ്മുടെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിലും, അത് സ്വകാര്യ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ബന്ധങ്ങൾ ശിഥിലമാകാനും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് ചുരുങ്ങുന്നതിനും കാരണമാകുന്നു. മാത്രമല്ല, ചിലപ്പോൾ പുസ്തകങ്ങൾ വായന പോലുള്ള നല്ല ശീലങ്ങൾ വരെ ഇത്തരം ഉപകരണങ്ങൾ കാരണം നഷ്ടപ്പെട്ടേക്കാം. എന്നാൽ ഇവയിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ (detach from technology) നിങ്ങൾക്ക് ടെക്നോളജിയിലുള്ള അടിമത്വം അവസാനിപ്പിക്കാനാകും. പുതുവർഷം ടെക്നോളജിയുടെ അമിത ഉപയോഗത്തെ (Overuse of technology) നിയന്ത്രിച്ചു കൊണ്ട് തന്നെ തുടങ്ങാം…

  • ഉണരുമ്പോഴും രാത്രി വൈകിയും ഫോൺ എന്തിന്?

വളരെ പ്രയാസമേറിയ തീരുമാനമായിരിക്കും രാവിലെ ഉണരുമ്പോഴും, രാത്രി കിടക്കുന്നതിന് മുമ്പും ഫോൺ ഉപയോഗിക്കേണ്ട എന്ന് നിശ്ചയിക്കുന്നത്. കാരണം, നമ്മളിൽ മിക്കവരും ഉറക്കമുണർന്ന് ആദ്യം ചെയ്യുന്നത് ഫോൺ നോക്കുക എന്നതാണ്. ദിവസം അവസാനിപ്പിക്കുന്നതും ഫോണിൽ സ്ക്രോൾ ചെയ്തായിരിക്കും. മാത്രമല്ല, ബാത്ത്റൂമിൽ പോകുമ്പോൾ പോലും പലരും ഫോൺ കൊണ്ടുപോകുന്നു എന്നത് അത്ര നല്ല കാര്യമല്ല.
ഇന്ന് എന്തൊക്കെയാണ് നടന്നതെന്ന് അറിയുന്നതിനും വാട്സ്ആപ്പ് മെസേജുകൾക്ക് മറുപടി നൽകുന്നതുമൊക്കെ രാവിലെയും രാത്രി കിടക്കുന്നതിന് മുമ്പുമാണ്. എന്നാൽ കിടക്കുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കാനോ മറ്റോ ശ്രമിക്കുക. കാരണം,വെറുതെ ഫോണിൽ സ്ക്രോൾ ചെയ്ത് സമയവും ആരോഗ്യവും കളയുന്നതിനേക്കാൾ ഇത് നല്ലതാണ്.

  • മക്കൾക്കൊപ്പം ഇരിക്കുമ്പോൾ ഫോൺ വേണ്ട

മക്കൾക്കൊപ്പം കളിക്കുകയോ അവരുമായി സംസാരിക്കുമ്പോഴോ, അവരെ പഠിപ്പിക്കുമ്പോഴോ പൂർണമായും ഏകാഗ്രത അവർക്ക് തന്നെ നൽകുക. ഇടയ്ക്ക് വരുന്ന വാട്ട്‌സ്ആപ്പ് സന്ദേശമോ ഇമെയിലോ നിങ്ങളുടെ ശ്രദ്ധ അകറ്റിയേക്കാം. എന്നാൽ ഈ നോട്ടിഫിക്കേഷനുകൾക്ക് മറുപടി നൽകാനുള്ള സമയമല്ലിത് എന്ന് ചിന്തിക്കുക. കാരണം, ഇങ്ങനെ ഫോൺ എടുത്താൽ വീണ്ടും സ്ക്രോൾ ചെയ്ത് നോക്കാൻ നിങ്ങൾക്ക് തോന്നിയേക്കാം. അതിനാൽ പൂർണമായും ഈ സമയം ഫോൺ ഒഴിവാക്കുകയാണ് നല്ലത്.

  • ഉറങ്ങുന്ന മുറിയിൽ ഇലക്ട്രിക് ഉപകരണങ്ങൾ ചാർജ് ചെയ്യേണ്ട

ഫോൺ എളുപ്പത്തിൽ കൈയ്യെത്തും ദൂരത്ത് ആയിരിക്കുമ്പോൾ അത് ഉപയോഗിക്കാനുള്ള പ്രവണതയും കൂടും. ഇതിനെ ഫലപ്രദമായി നേരിടാൻ ഉറങ്ങുന്ന മുറിയിൽ ഇവ ചാർജ് ചെയ്യാൻ വയ്ക്കരുത് എന്നതാണ്. ഈ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി ഒരു പ്രത്യേക മുറി തെരഞ്ഞെടുക്കാം.
കാരണം, രാത്രിയിൽ ഉറക്കം വരുന്നില്ലെങ്കിൽ ഫോണെടുത്ത് സ്ക്രോൾ ചെയ്യാൻ തുടങ്ങും. ഇത് വീണ്ടും നിങ്ങളുടെ സുഗമമായ ഉറക്കത്തെയാണ് ബാധിക്കുന്നത്. 

  • ഒരു മണിക്കൂറിൽ കൂടുതൽ ലാപ്‌ടോപ്പിൽ ഇരിക്കരുത്

കണ്ണ്, നട്ടെല്ല് തുടങ്ങി ശാരീരിക അവയവങ്ങളെ സംരക്ഷിക്കുന്നതിന് ലാപ്ടോപ്പിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം. കൂടുതൽ നേരം കുനിഞ്ഞിരുന്ന് ടൈപ്പ് ചെയ്താൽ മുതുകും കഴുത്തും വേദനിക്കാൻ തുടങ്ങും. എന്നാൽ കൃത്യമായ ഇടവേള എടുത്ത് ലാപ്ടോപ്പിൽ പണി എടുക്കുന്നതാണ് മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഉത്തമം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :