എന്ത് സംശയമുണ്ടെങ്കിലും വെറുതെ ഒന്ന് Google search ചെയ്താൽ മതി. കാര്യ കാരണങ്ങളെല്ലാം വിശദമായി നിങ്ങളുടെ മുന്നിൽ നിമിഷ നേരത്തിൽ എത്തിയിരിക്കും. ഒരു ദിവസം ഗൂഗിൾ സെർച്ച് ഉപയോഗിക്കാത്തവരും വിരളമായിരിക്കും. എന്നാൽ ഗൂഗിൾ സെർച്ചിനെ പൂർണമായി അങ്ങനെ വിശ്വസിക്കാനാകുമോ?
ഗൂഗിളിനെ വിശ്വസിക്കാം. എന്നാൽ, അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ നമ്മൾക്കാർക്കും തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല. ഇത് നിങ്ങളെ സാമ്പത്തികമായും മറ്റ് പല രീതിയിലും മോശമായി ബാധിച്ചേക്കാം. അതായത്, ചിലപ്പോൾ നമ്മുടെ ഒരു അശ്രദ്ധ മതി ബാങ്ക് അക്കൗണ്ട് മുഴുവൻ കാലിയാക്കാൻ…
നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ചില വെബ്സൈറ്റുകളിൽ മാൽവെയറുകൾ പതിയിരിക്കുന്നുണ്ടാകും. ഇത് പിന്നീട് നിങ്ങളുടെ വളരെ സ്വകാര്യ വിവരങ്ങളും പണമിടപാടുകളുമെല്ലാം ചോർത്തിയെടുക്കും. വലിയൊരു ചതിക്കുഴിയാണ് ഇങ്ങനെ ചില സെർച്ചുകളിൽ നിന്ന് നിങ്ങളെ തേടിയെത്തുക. ഒരുപാട് കെണികൾ ഇത്തരത്തിൽ സൈബർ ലോകത്ത് ഇര വിഴുങ്ങാനായിരിക്കുമെങ്കിലും, ഇവിടെ വിശദമാക്കുന്നത് നിങ്ങളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ചില തെറ്റായ ഗൂഗിൾ സെർച്ചുകളാണ്.
ഓൺലൈനിൽ ജോലി അന്വേഷിക്കുന്നവർ വളരെ ശ്രദ്ധിക്കേണ്ട കാര്യം ഇവ സുരക്ഷിതമാണോ എന്നാണ്. ഇന്ന് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളിൽ ഒരു മുഖ്യഭാഗം ജോലി വാഗ്ദാനം ചെയ്തുള്ളവയാണ്. വളരെ അധികമായി ആനുകൂല്യങ്ങൾ നൽകുന്ന, പണം വാഗ്ദാനം ചെയ്യുന്ന ജോലിയാണെങ്കിൽ അതിൽ നിങ്ങൾ വളരെ ശ്രദ്ധാപൂർവ്വം വേണം ചുവടെടുത്ത് വയ്ക്കാൻ. കാരണം, ഇവയിൽ അപകട സാധ്യത കൂടുതലാണ്.
എങ്ങനെയും നിങ്ങളെ കെണിയിലാക്കുക എന്ന ലക്ഷ്യമായിരിക്കും സൈബർ കുറ്റവാളികൾക്ക്. ഏതെങ്കിലും ഉപകരണങ്ങളുടെയോ സേവനങ്ങളുടെയോ കസ്റ്റമർ കെയർ നമ്പറിലേക്കോ, ടെക്നിക്കൽ സഹായത്തിനായോ ബന്ധപ്പെടുമ്പോഴും സൂക്ഷിക്കേണ്ടതുണ്ട്.
Also Read: WhatsApp AI Generated Stickers: ഇനി കൂടുതൽ രസമുള്ള WhatsApp സ്റ്റിക്കറുകൾ AIയിലൂടെ…
ഗൂഗിൾ സെർച്ച് ചെയ്താണ് ഇങ്ങനെ നിങ്ങൾ കസ്റ്റമർ കെയർ നമ്പർ എടുക്കുന്നതെങ്കിൽ, ശ്രദ്ധിക്കുക ഇതുവഴി നിങ്ങളുടെ പണം തട്ടിയെടുക്കാനും കെണികൾ ഒരുക്കിയിട്ടുണ്ടാകും. ഹാക്കേഴ്സ് നിർമിച്ച് എടുത്തിരിക്കുന്ന ഈ നമ്പറുകളിലേക്ക് വിളിക്കുന്നതും, അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നതും, മെസേജുകളോട് പ്രതികരിക്കുന്നതും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാൻ കാരണമായേക്കും. അതിനാൽ, കസ്റ്റമർ കെയറിലേക്ക് ബന്ധപ്പെടാൻ അവരുടെ ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് അവിടെ നിന്നും നമ്പർ ശേഖരിക്കുക.
ക്രിപ്റ്റോ കറൻസികൾ പർച്ചേസ് ചെയ്യുമ്പോഴും അതീവ ജാഗ്രത വേണം. ക്രിപ്റ്റോ കറൻസി വാങ്ങുമ്പോൾ ലഭിക്കുന്ന സെൽഫ്- കസ്റ്റഡി വാലറ്റ് ഹാക്കർമാർ കൈവശപ്പെടുത്താൻ സാധ്യത ഏറെയാണ്. ഇത് കടുത്ത സാമ്പത്തിക നഷ്ടമായിരിക്കും നിങ്ങൾക്ക് നൽകുക. ഇതിനായി വാലറ്റിൽ ലഭിക്കുന്ന സീഡ് വേർഡ്സ് മറ്റാർക്കും ഷെയർ ചെയ്യാതിരിക്കുക.
സൗജന്യ ക്രെഡിറ്റ് കാർഡ് റിപ്പോർട്ടിനായി ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ അതിൽ അപകടമുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകില്ല. നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ അടങ്ങുന്നവയാണ് ക്രെഡിറ്റ് കാർഡ് റിപ്പോർട്ടും ക്രെഡിറ്റ് സ്‌കോറും. ഇവ ഹാക്കർമാരുടെ കൈയിലെത്തുന്നത് അപകടമാണ്. അതിനാൽ ഗൂഗിളിൽ നേരിട്ട് പോയി സെർച്ച് ചെയ്യാതെ Experian, TransUnion CIBIL തുടങ്ങിയ RBI നിർദേശിക്കുന്ന സ്രോതസ്സുകൾ മാത്രം ഉപയോഗിക്കുക.
കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന കൃത്രിമ ലിങ്കുകൾ ഇവർക്ക് നിർമ്മിച്ചെടുക്കാൻ കഴിയും. ഇതിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ മുഴുവൻ അക്കൗണ്ട് വിവരങ്ങളും ചോർത്താൻ ഇടയുണ്ട്.