ചൂടുകാലം ഉച്ചിയിലെത്തിയിരിക്കുകയാണ്. വീട്ടിലെ AC മാത്രമാണ് ഈ വേനലിൽ നിന്ന് ആശ്വാസം നൽകാനുള്ള ഏകപോംവഴി. അങ്ങനെ വരുമ്പോൾ വീട്ടിലെ വൈദ്യുതി ചാർജിനെയും ഒരുപക്ഷേ വരുതിയിലാക്കാൻ സാധിക്കാതെ വന്നേക്കാം. എന്നാൽ, AC ഉപയോഗിക്കുമ്പോൾ നമ്മൾ വരുത്തുന്ന ചില പിഴവുകൾ ഒഴിവാക്കിയാൽ തീർച്ചയായും കറണ്ട് ബില്ലും തലവേദന ആകാതിരിക്കും. അതായത്, അനാവശ്യമായി വൈദ്യുതി പാഴാക്കുന്നതും കൂടുതൽ സുഖസൗകര്യങ്ങൾക്കായി വൈദ്യുതി ഉപയോഗിക്കുന്നതുമെല്ലാം ഇത്തരം ചില പിശകുകളിൽപെടുന്നു.
എന്തെല്ലാം പിശകുകളാണ് എസി ഉപയോഗിക്കുന്നവർ ഒഴിവാക്കേണ്ടതെന്ന് നോക്കാം…
നിങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഓരോ AC വിൻഡോ യൂണിറ്റുകളും ഒരു പ്രത്യേക എയർ സ്പേസ് ഉൾക്കൊള്ളുമെന്ന് കണക്കുകൂട്ടിയാണ് നിർമിച്ചിരിക്കുന്നത്. നിങ്ങളുടെ മുറിയുടെ വലിപ്പത്തിന് അനുസരിച്ചല്ലാത്ത എസി അതിനാൽ തന്നെ ഉപയോഗപ്രദമായിരിക്കില്ല. അതായത്, മുറിയ്ക്ക് അനുയോജ്യമല്ലാത്ത വലുതോ ചെറുതോ ആയ AC യൂണിറ്റ് ഫലപ്രദമായിരിക്കില്ല.
എല്ലാ എസി വിൻഡോ യൂണിറ്റുകൾക്കും ഒരു BTU റേറ്റിങ് ഉണ്ടായിരിക്കും. സാധാരണ ACകൾക്ക് ഇത് 5,000 മുതൽ 15,000 വരെയായിരിക്കും. ഓരോ ചതുരശ്ര അടി റൂം സ്ഥലത്തിനും 20 BTU ആയിരിക്കും ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച് കണക്ക് കൂട്ടിയാൽ നിങ്ങളുടെ റൂമിന് അനുസരിച്ചുള്ള വലിപ്പത്തിലുള്ള Air conditioner ആണോ എന്ന് മനസിലാകും. ഇതിനർഥം വലിയ എസി വാങ്ങണമെന്നല്ല. വലിപ്പമുള്ള ACയും ചിലപ്പോഴൊക്കെ പ്രശ്നമാകും. അതായത്, എസി യൂണിറ്റ് വലുതാണെങ്കിൽ അത് ധാരാളം തണുത്ത വായു പമ്പ് ചെയ്യും. മുറിയിൽ ഈർപ്പം നിലനിൽക്കാൻ ഇത് കാരണമായേക്കാം. ഇങ്ങനെ ഈർപ്പം നിക്കുന്നത് മുറിയ്ക്കുള്ളിൽ സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ ഊഷ്മളവും ചൂടും അനുഭവപ്പെടാൻ വഴിയൊരുക്കും.
ഓഫീസിലേക്ക് പോകുമ്പോഴും പുറത്ത് പോകുമ്പോഴും AC ഉറപ്പായും ഓഫാക്കാൻ മറക്കരുത്. ചിലരെല്ലാം കരുതുന്നത് പുറത്ത് പോകുമ്പോഴും മറ്റും 72F-ൽ AC ഓണാക്കി വച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്തുമെന്ന്. എന്നാൽ പുറത്തുപോകുമ്പോൾ എസി ഓഫാക്കുന്നതാണ് കുറച്ച് വൈദ്യുതി ഉപയോഗത്തിന് സഹായിക്കുന്നതെന്ന് മെയ്ക്ക് യൂസ്ഓഫ്.കോം പറയുന്നു.
നിങ്ങൾ എസി യൂണിറ്റ് പതിവായി ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ഇടയ്ക്കിടെ എങ്കിലും വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കുക. ACയുടെ ഇടയിൽ പൂപ്പലും മറ്റും വളരുന്നത് കണ്ടിട്ടില്ലേ? ഇതെല്ലാം കഴിവതും വൃത്തിയാക്കുക. അല്ലാത്ത പക്ഷം ഇത് ചില അനാരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ, ഓരോ തണുപ്പുകാലത്തും എസി യൂണിറ്റുകൾ വൃത്തിയാക്കുക.
എസി ഉപയോഗിക്കുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. കാരണം, എസിയുടെ പ്രവർത്തനരീതി അകത്തെ വായുവും പുറത്തെ വായുവും വേർതിരിച്ചാണ് നടത്തുന്നത്.
നിങ്ങളുടെ മുറി എത്ര വൃത്തിയുള്ളതാണെങ്കിലും, AC പ്രവർത്തിക്കുമ്പോൾ വലിച്ചെടുക്കുന്ന കണികകൾ എപ്പോഴും വായുവിൽ പൊങ്ങിക്കിടക്കുന്നു. ഈ കണികകൾ എസിക്ക് അകത്ത് പ്രശ്നമാകാതിരിക്കാൻ, എല്ലാ എസി യൂണിറ്റുകളിലും ഫിൽട്ടറുകളുണ്ടാകും. എന്നാൽ ഇവ കൃത്യമായ സമയത്ത് മാറ്റി പുതിയത് വയ്ക്കണം.
എല്ലാ ദിവസവും എസി പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിൽ, മാസത്തിൽ ഒരു തവണയെങ്കിലും ഫിൽട്ടർ മാറ്റണം. മറുവശത്ത് വല്ലപ്പോഴുമാണ് AC ഓണാക്കുന്നതെങ്കിൽ, മൂന്ന് മാസത്തിലൊരിക്കൽ നിങ്ങൾക്ക് ഫിൽട്ടർ മാറ്റാവുന്നതാണ്. ചില വിൻഡോ യൂണിറ്റുകളിൽ നീക്കം ചെയ്യാവുന്ന ഫിൽട്ടറുകളുമുണ്ട്. ഇത് കഴുകി വൃത്തിയാക്കാവുന്നതാണ്. അല്ലാത്ത എസികളിൽ പുതിയ ഫിൽട്ടർ വാങ്ങി വയ്ക്കാം.
അതുപോലെ AC ഉപയോഗിക്കുമ്പോഴുള്ള വൈദ്യുതി വിനിയോഗം കുറയ്ക്കാൻ എസിക്കൊപ്പം ഫാൻ ഉപയോഗിക്കുന്നതും നല്ലതാണെന്ന് പറയാറുണ്ട്. മിക്കവരും ചെറിയ ചൂടിൽ ഫാൻ ഉപയോഗിക്കുകയും, വേനൽ അധികമാകുമ്പോൾ എസി ഓണാക്കുകയും ചെയ്യും. ഈ അവസരത്തിൽ ഫാൻ പാടെ മറന്നിടും. എന്നാൽ, സീലിങ് ഫാനുകളും ACയും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ എസികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എസിയുള്ള ഭാഗത്തിന് പുറമെ, മുറിയുടെ ബാക്കി ഭാഗങ്ങളും തണുപ്പിക്കാൻ ഫാനിന് സാധിക്കും.