best malayalam movies of 2024 to watch in prime video hotstar and other ott
Best Malayalam Movies: ഈ വർഷം മലയാള സിനിമയ്ക്ക് ശുക്രനായിരുന്നു. വേറിട്ട കഥകളും അവതരണവും എന്നും മലയാളസിനിമയുടെ കൈമുതലാണ്. 2024-ൽ അത് മറ്റ് ഭാഷകളിലെ സിനിമാപ്രേമികളിലേക്കും എത്തപ്പെട്ടു.
പ്രേമലു, Manjummel Boys-ലൂടെ മലയാളസിനിമ ലോകമെമ്പാടും വാഴ്ത്തപ്പെട്ടു. ആടുജീവിതം പകരം വയ്ക്കാനാവാത്ത സിനിമാസൃഷ്ടിയായി. ശേഷം ആവേശവും ഉള്ളൊഴുക്കും വ്യത്യസ്തമായ വികാരങ്ങൾ പ്രേക്ഷകന് സമ്മാനിച്ചു.
ഈ വർഷം ഇനി 3 മാസങ്ങൾ കൂടിയാണ് ശേഷിക്കുന്നത്. എന്നാലും ഇതിനകം തിയേറ്റർ Houseful ആക്കി നിരവധി മലയാളചിത്രങ്ങൾ വന്നു. ഒടുവിലെത്തിയ കിഷ്കിന്ധാകാണ്ഡത്തിന് ടിക്കറ്റ് കിട്ടാനേയില്ല എന്ന അവസ്ഥയാണുള്ളത്.
ഇക്കൊല്ലം പുറത്തിറങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഏതെല്ലാം ഒടിടി പ്ലാറ്റ്ഫോമുകളിൽ ഈ മികച്ച സിനിമകൾ കാണാമെന്നും നോക്കാം. ഞായറാഴ്ച കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാം. ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ, സോണിലിവ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങൾ കാണാം. നിങ്ങളുടെ മൊബൈലിലോ, സ്മാർട് ടിവിയിലോ ആസ്വദിക്കാവുന്നതാണ്.
ഈ വർഷം ബോക്സ് ഓഫീസിൽ ഹിറ്റായ ചിത്രമാണ് പ്രേമലു. നസ്ലെനും മമിത ബൈജുവുമാണ് റൊമാന്റിക് കോമഡി ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗിരീഷ് എഡി സംവിധാനം ചെയ്ത മലയാള ചിത്രമാണിത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ ചേർന്നായിരുന്നു നിർമാണം. പ്രേമലു 2-വും നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ബോക്സ് ഓഫീസ് കീഴടക്കിയ പ്രേമലു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം.
200 കോടിയും കടന്ന് ബോക്സ് ഓഫീസ് തകർത്തുവാരിയ ചിത്രമാണിത്. കൊടൈക്കനാലിലേക്ക് യാത്ര പോയി അപകടം സംഭവിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. യഥാർഥ സംഭവത്തെ ആസ്പദമാക്കി ചിദംബരമാണ് സിനിമ സംവിധാനം ചെയ്തത്. സൌബിൻ, ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങിയവരാണ് മഞ്ഞുമ്മൽ ബോയ്സിലെ താരങ്ങൾ.
സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ഒടിടിയിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മഞ്ഞുമ്മൽ ബോയ്സ് സ്ട്രീം ചെയ്യുന്നത്.
പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. മെഗാസ്റ്റാറിനൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. രാഹുൽ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്തത്. ഹോറർ ത്രില്ലർ ചിത്രം നിങ്ങൾക്ക് സോണി ലിവിൽ കാണാം.
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഗംഭീരമായ മലയാളചിത്രമാണ് Aattam. ഡ്രാമ ത്രില്ലർ വിഭാഗത്തിൽപെട്ട സിനിമയിൽ സറീൻ ഷിഹാബ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ. മികച്ച ചലച്ചിത്രമായി 2023-ലെ ദേശീയ അവാർഡും സിനിമ സ്വന്തമാക്കിയത്. ആട്ടം ഒടിടിയിൽ എത്തിയത് ഈ വർഷമായിരുന്നു. വളരെ വ്യത്യസ്തമായ കഥാശൈലിയിൽ അവതരിപ്പിച്ച ആട്ടം ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് സിനിമയെന്ന് ആടുജീവിതത്തെ വിശേഷിപ്പിക്കാം. സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി മരുഭൂമിയിലെ ആടുവളർത്തുകേന്ദ്രത്തിൽ ഒറ്റപ്പെടുന്ന നജീബിന്റെ ജീവിതമാണ് ചിത്രം. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസ്സി സിനിമ ഒരുക്കിയത്. Aadujeevitham നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.
ജനുവരിയിൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് അബ്രഹാം ഓസ്ലർ. ജയറാം, മമ്മൂട്ടി, ജഗദീഷ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന താരങ്ങൾ. മിഥുൻ മാനുവൽ തോമസിന്റെ ക്രൈം ത്രില്ലർ ചിത്രമാണിത്. ഒടിടിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
ഫഹദ് ഫാസിലിന്റെ വൺമാൻഷോയിലൂടെ തിയേറ്ററുകൾ നിറഞ്ഞ സിനിമയാണ് ആവേശം. രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവനാണ് ആവേശം സംവിധാനം ചെയ്തത്. തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ ആക്ഷൻ-കോമഡി ചിത്രമാണിത്. ഹിപ്സ്റ്റർ, സജീൻ ഗോപു, മിഥുൻ ജയ് ശങ്കർ എന്നിവരും പ്രധാന താരങ്ങളായി. Aavesham ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടിയിൽ കാണാം.
പാർവ്വതി തിരുവോത്ത്, ഉർവ്വശി എന്നിവർ കേന്ദ്രവേഷങ്ങളിലെത്തിയ ചിത്രമാണ് ഉള്ളൊഴുക്ക്. വീടിനുള്ളിൽ തളം കെട്ടിക്കിടക്കുന്ന വെള്ളം പോലെ മനസിലും സംഘർഷം അനുഭവിക്കുന്ന രണ്ട് സ്ത്രീകൾ. അഞ്ജുവിലൂടെയും ലീലാമ്മയിലൂടെയും ക്രിസ്റ്റോ ടോമി അത് വൈകാരികമായി പകർത്തിച്ചിട്ടുണ്ട്. Ullozhukku നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോയിൽ ആസ്വദിക്കാം.
ആസിഫ് അലി, ബിജു മേനോൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി സിനിമയാണിത്. ഫീൽ ഗുഡ് മൂവികളുടെ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് Thalavan. തിയേറ്ററുകളിലും ഒടിടിയിലും തലവൻ പ്രേക്ഷകരെ പിടിച്ചിരുത്തി. സിനിമ സോണിലിവിലാണ് ഒടിടി റിലീസ് ചെയ്തത്.
തിയേറ്ററുകളിൽ വലിയ വിജയം നേടാനായില്ലെങ്കിലും ഒടിടി പ്രശംസ നേടിയ ചിത്രമാണിത്. ഒരു ടെക് ഓഫീസിലെ നിഗൂഢ മരണവും തുടർന്നുള്ള അന്വേഷണ കഥയുമാണ് ചിത്രത്തിന്റെ പ്രമേയം. സംജാദ് സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധീഖ്, ദിലീഷ് പോത്തൻ, രഞ്ജിത്ത് സജീവ് എന്നിവർ പ്രധാന താരങ്ങളാകുന്നു. സിനിമ ആമസോൺ പ്രൈം വീഡിയോയിലൂടെ കാണാം.
ഗുരുവായൂരമ്പല നടയിൽ, മന്ദാകിനി സിനിമകളും ഒടിടിയിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഗുരുവായൂരമ്പല നടയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിലൂടെ മന്ദാകിനി സ്ട്രീം ചെയ്യുന്നു.