ഓപ്പറ സോഫ്റ്റ്‌വെയർ എ.എസ്.എ ഒരു നോർവീജിയൻ സോഫ്റ്റ്‌വെയർ കമ്പനി ആണ്, പ്രധാനമായും ഓപ്പറ വെബ് ബ്രൗസറിന്റെ പേരിലാണ് കമ്പനിയുടെ പ്രസിദ്ധി. ഡബ്ല്യു3സിയിൽ അംഗത്വമുള്ള, വെബ് മാനദണ്ഡങ്ങളുടെയും മറ്റും പുരോഗമനത്തിൽ താല്പര്യമുള്ള കമ്പനിയാണ് ഓപ്പറ സോഫ്റ്റ്‌വെയർ. ഓസ്ലൊ, നോർവെ തലസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനി നോർവെ ഓഹരി വിപണിയുടെ പട്ടികയിലുണ്ട്. സ്വീഡൻ, പോളണ്ട്, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, ചെക്ക് റിപ്പബ്ലിക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിൽ കമ്പനിക്ക് ഓഫീസുകളുണ്ട്.
ഓപ്പറ സോഫ്റ്റ്‌വെയർ എന്ന കമ്പനി വികസിപ്പിച്ച വെബ് ബ്രൗസർ ആണ് ഓപ്പെറ മിനി .മികച്ച സോഫ്റ്റ്‌വേർ എന്ന പേരു നേടിയതാണെങ്കിലും പേർസണൽ കമ്പ്യൂട്ടറുകളിൽ ആധിപത്യമുറപ്പിക്കാൻ ഓപ്പറക്ക് കഴിഞ്ഞിട്ടില്ല.ഏറ്റവും പ്രചാരമുള്ള ബ്രൗസറുകളുടെ വിഭാഗത്തിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം, സഫാരി എന്നിവക്കു പിന്നിലായിട്ടാണ് ഓപ്പറയുടെ സ്ഥാനം. പക്ഷേ മൊബൈൽ ഫോൺ,സ്മാർട്ട് ഫോൺ,പി ഡി എ മുതലായ മൊബൈൽ ഉപകരണങ്ങളിൽ ഓപ്പറ കൂടുതലായി ഉപയോഗിക്കപ്പെടുന്നു.ഡൗൺ ലോഡ് ചെയ്യാവുന്ന സ്കിന്നുകൾ ഉപയോഗിച്ച് ഓപ്പറയുടെ മുഖം മാറ്റിക്കൊണ്ടിരിക്കാനും സാധിക്കും.ബിറ്റ് റ്റൊറന്റ് ഉപയോഗിച്ച് ഫയൽ കൈമാറ്റം ചെയ്യുന്നതിനും ഓപ്പറ ഉപയോഗിക്കാം.