വിപണി കീഴടക്കാൻ മഹേന്ദ്രയുടെ ഗോള്‍ഡ് ലക്ഷ്വറി ക്യാമ്പര്‍ ട്രക്കുകള്‍

Updated on 08-Mar-2022
HIGHLIGHTS

ഗോള്‍ഡ് ലക്ഷ്വറി ക്യാമ്പര്‍ ട്രക്കുകള്‍ ഇതാ എത്തുന്നു

ക്യാമ്പര്‍വാന്‍ ഫാക്ടറിയുമായി ധാരണാപത്രം ഒപ്പുവച്ച് മഹീന്ദ്ര

 മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് രാജ്യത്ത് ബജറ്റ് ഫ്രണ്ട്ലി ലക്ഷ്വറി ക്യാമ്പറുകള്‍ ആരംഭിക്കുന്നതിനായി ക്യാമ്പര്‍വാന്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരണ കരാറില്‍ ഒപ്പുവച്ചു. മദ്രാസ് ഐഐടിയുടെ ഇന്‍കുബേറ്റഡ് സ്ഥാപനമാണിത്. ഇരട്ടക്യാബുള്ള ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ ക്യാമ്പറുകള്‍ രാജ്യത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സെല്‍ഫ് ഡ്രൈവ് ടൂറിസം വിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷ.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഒഇഎം ഇന്ത്യയില്‍ കാരവന്‍ നിര്‍മാണ വിഭാഗത്തിലേക്ക് കടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍ ഡിസൈനുകളും മോഡലുകളും കരാറിന്‍റെ ഭാഗമായി മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിക്കും. ഐഐടി മദ്രാസ് അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍റര്‍ (എഎംടിഡിസി), ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ക്ലീന്‍ വാട്ടര്‍ (ഐസിസിഡബ്ല്യു), സെന്‍റ് ഗോബെയ്ന്‍ റിസര്‍ച്ച് സെന്‍റര്‍ എന്നിവയുടെ സഹായത്തോടെ ഇവ വികസിപ്പിക്കും.

സ്മാര്‍ട്ട് വാട്ടര്‍ സൊല്യൂഷനുകള്‍, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഫിറ്റിങുകള്‍, എല്ലാ യാത്രക്കാര്‍ക്കും അനുയോജ്യമായ ഇന്‍റീരിയറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് മഹീന്ദ്ര ബൊലേറോ ഗോള്‍ഡ് ലക്ഷ്വറി ക്യാമ്പര്‍ ട്രക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. നാലുപേര്‍ക്ക് ഉറങ്ങാനും, ഭക്ഷണം കഴിക്കാനും സൗകര്യമുള്ളതായിരിക്കും ഓരോ ക്യാമ്പര്‍ ട്രക്കും. ബയോ ടോയ്ലറ്റും ഷവറും ഘടിപ്പിച്ച റെസ്റ്റ് റൂം, മിനി ഫ്രിഡ്ജും മൈക്രോവേവുമുള്ള സമ്പൂര്‍ണ അടുക്കള, എയര്‍ കണ്ടീഷണര്‍ (ഓപ്ഷണല്‍), ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളും  ക്യാമ്പര്‍ ട്രക്കുകളിലുണ്ടാവും.

പ്രവര്‍ത്തിക്കാനും ഡ്രൈവ് ചെയ്യാനും എളുപ്പമുള്ളതായിരിക്കും ഇത്. ഡ്രൈവിങ് വൈദഗ്ധ്യം ആവശ്യമില്ലാത്ത, സ്വകാര്യതയും സുരക്ഷയും നല്‍കുന്ന ട്രക്കുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനകരമാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം കാരവന്‍ ടൂറിസം നയങ്ങള്‍ പ്രഖ്യാപിക്കുകയും ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഓപ്പണ്‍ റോഡ് യാത്രാപ്രേമികളുടെയും, സഞ്ചാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് ഈ വിഭാഗത്തിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശനമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് ഹരീഷ് ലാല്‍ചന്ദാനി പറഞ്ഞു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായുള്ള സഹകരണം ഇന്ത്യന്‍ കാരവന്‍ വിപണിയിലെ ഒരു പ്രധാന ചുവടുവെയ്പാണെന്നും, ഇന്ത്യയിലെ കാരവന്‍ ടൂറിസം രംഗത്ത് ഇത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നും ക്യാമ്പര്‍വാന്‍ ഫാക്ടറി ഡയറക്ടര്‍ കെ.എം വന്ധന്‍ പറഞ്ഞു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :